Wednesday 10 March 2010

ബൈബിൾ - ഒരാമുഖം

ദൈവത്തെ തേടിയുള്ള മനുഷ്യന്റെ അന്വേഷങ്ങളുടെ ആരംഭം എവിടെ എന്നു ചോദിച്ചാൽ ഉത്തരം പറയുന്നവരുടെ വിശ്വാസങ്ങൾക്കും സങ്കൽ‌പ്പങ്ങൾക്കും അനുസരിച്ച് വിവിധ ഉത്തരങ്ങൾ ലഭിച്ചേക്കും. അതിനു തെളിവുകള്‍ നല്‍കുന്ന പുസ്തകങ്ങളും കണ്ടെത്താന്‍ സാധിക്കും. എന്നാൽ മനുഷ്യനെ തേടി അവന്റെ അടുത്തേക്കുവരുന്ന,   എപ്പോഴും സ്നേഹത്തോടെയും സഹാനുഭൂതിയോടെയും മാത്രം അവനെ കാണുന്ന,  അവന്റെ കുറവുകളേയും തെറ്റുകളേയും പൊറുക്കുവാന്‍ മനസ്സുള്ള ഒരു ദൈവത്തെ കണ്ടെത്താൻ  സാധിക്കുന്ന ഒരേ ഒരു ഗ്രന്ഥമേ ലോകത്തിൽ ഉള്ളൂ. അതാണ് ബൈബിൾ.

ബൈബിള്‍ കാണിച്ചു തരുന്ന ദൈവം ഒരുപാട് പ്രത്യേകതകള്‍ ഉള്ള സ്നേഹസ്വരൂപനാണ്.  ഒരു മനുഷ്യനും തിന്മയുടെ പിടിയില്‍ അകപ്പെട്ടുകാണാന്‍ ആഗ്രഹിക്കാത്ത ഒരു ദൈവം. ഭക്തരും ഈശ്വരനും പോലെയോ, അടിമയും ഉടമയും പോലെയോ ഉള്ള ബന്ധത്തിനുപകരം  ഒരു അപ്പനും മകനും തമ്മിലുള്ള സ്നേഹബന്ധം പോലെ കളങ്കമില്ലാത്തതും ഗാഢവുമായ ഒരു സ്നേഹബന്ധം ദൈവവും മനുഷ്യനും തമ്മില്‍ സാധ്യമാണെന്നു പഠിപ്പിക്കുന്ന, അങ്ങനെയാവണം എന്നാഗ്രഹിക്കുന്ന ഒരു ദൈവം.  മനുഷ്യർക്ക് അപ്രാപ്യമായ ഒരു സ്ഥാനത്തിരുന്നുകൊണ്ട് കല്പനകളും നിർദ്ദേശങ്ങളും മാത്രം തരാതെ മനുഷ്യരിൽ ഒരാളായി അവരോടൊപ്പം മനുഷ്യരൂപത്തിൽ ജീവിച്ച് ഒരു എങ്ങനെഒരു ഉത്തമമനുഷ്യനായി ജീവിക്കാം എന്ന സ്വന്ത ജീവിതം കൊണ്ട് മാതൃക കാണിച്ചു തന്ന ദൈവം.  പരസ്പരസ്നേഹമാണ് മനുഷ്യര്‍ പാലിക്കേണ്ട ഏറ്റവും വലിയ കല്പനയെന്നും, സ്നേഹം എല്ലാറ്റിലും സവിശേഷമെന്നും പഠിപ്പിച്ച ദൈവം. ഇങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര സവിശേഷതകളുള്ള ആ സ്നേഹസ്വരൂപന്റെ രക്ഷാകര ദൌത്യം വളരെ വലിയ ഒരു തിരശ്ശീലയില്‍ വരച്ചിട്ടിരിക്കുന്ന ചിത്രമാണ് വിശുദ്ധ ബൈബിള്‍. 

ബൈബിള്‍ സന്ദേശങ്ങൾക്കു പിന്നില്‍ ദൈവത്തിനു വ്യക്തമായ ഒരു പദ്ധതിയും ഉദ്ദേശ്യവുമുണ്ട്.   ആ ലക്ഷ്യവും പദ്ധതിയും എന്താനെന്ന്  വിശദീകരിക്കുവാൻ ഈ ബ്ലോഗ് വഴി ശ്രമിക്കുകയാണ്.  ബൈബിള്‍ സന്ദേശങ്ങള്‍ക്ക് മറ്റ് എന്നത്തേക്കാളും പ്രസക്തി ഇന്നുണ്ട് എന്നതു തന്നെ കാരണം. ശരിയായ ഉദ്ദേശത്തോടെയല്ലാതെ ബൈബിള്‍ വായിച്ചു “പണ്ഡിതന്മാരായവര്‍“ നിറഞ്ഞ ലോകത്ത്, ചോര്‍ന്നു പോയ ദൈവോദ്ദേശ്യം വെളിപ്പെടുത്തുക, യേശു ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും ശരിയായി പരിചയപ്പെടുത്തുക- അതു മാത്രമാണ് ഈ ബ്ലോഗ് കൊണ്ടു ഉദ്ദേശിക്കുന്നത്. ഇതിലെ പോസ്റ്റുകള്‍ ഒരു ക്രിസ്തീയസഭയ്ക്കും വേണ്ടിയല്ല, മറ്റൊരു മതത്തിനും അവരുടെ വിശ്വാസങ്ങൾക്കും എതിരുമല്ല.

ധാരാളം കഥകളും ഉപകഥകളും, സംഭവബഹുലമായ നീണ്ട ഒരു കാലയളവിലെ ചരിത്രവും  ഒക്കെ ഇഴചേര്‍ത്തു പരമര്‍ശിക്കപ്പെട്ടിരിക്കുന്ന ഒരു ബൃഹത്ഗ്രന്ഥമാണ് വേദപുസ്തകം. അത് ഒരു ദിവസം കൊണ്ടോ മാസങ്ങള്‍കൊണ്ടോ എഴുതപ്പെട്ടതല്ല; സ്വര്‍ഗ്ഗത്തില്‍ നിന്ന് മനുഷ്യര്‍ക്കായി സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടിയുമല്ല. നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രം വിവിധകാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന രചയിതാക്കള്‍ ദൈവാത്മാവിന്റെ നിറവില്‍ എഴുതിവച്ച ചരിത്രമാണത്.  തുടക്കം മുതൽ അവസാനം വരെ ദൈവകൽ‌പ്പനകൾ മാത്രമല്ല അതില്‍ കണ്ടെത്താന്‍ സാധിക്കുക.  അതില്‍ ദൈവ വചനങ്ങള്‍ നമുക്ക് വായിക്കാം, വിവിധ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്ന വിവിധ സ്വഭാവക്കാരും പല സംസ്കാരങ്ങളില്‍ ജീവിച്ചിരുന്നവരുമായ മനുഷ്യരെ പരിചയപ്പെടാം, അവരില്‍ക്കൂടി ദൈവം പ്രവര്‍ത്തിച്ചിട്ടുള്ള കാര്യങ്ങള്‍ മനസ്സിലാക്കാം. ബൈബിളിലെ പുസ്തകങ്ങളോടൊപ്പവും അതിനു മുമ്പും പിമ്പും ധാരാളം പുസ്തകങ്ങള്‍ രചിക്കപ്പെട്ടു. എന്നാല്‍ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന പുസ്തകം എന്ന അനന്യത ബൈബിളിനു മാത്രം അവകാശപ്പെട്ടതാണ്.  അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാ കാലഘട്ടങ്ങളിലും ഒരുപോലെ മനുഷ്യർക്ക് പാലിക്കുവാൻ സാധ്യമായതും മനുഷ്യന്റെ നിത്യമായ രക്ഷയ്ക്ക് ആവശ്യമുള്ളതുമാണ് എന്നതാണ് അതിന്റെ കാരണം.

പഞ്ചതന്ത്രം കഥകളോ ഈസോപ്പു കഥകളോ വായിക്കുന്ന ലാഘവത്തോടെ വായിക്കപ്പെടേണ്ട ഒരു ഗ്രന്ഥമല്ല ബൈബിൾ.  പഴയനിയമം പുതിയനിയമം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകത്തിനു ഒരു കേന്ദ്ര കഥാപാത്രവും ഒരു കേന്ദ്രസന്ദേശവും  ഉണ്ട്.  തിന്മയുടെ പ്രതീകമായ സാത്താന്റെ ഇടപെടല്‍ മൂലം മനുഷ്യകുലത്തിന് ദൈവവുമായി വിച്ഛേദിക്കപ്പെട്ട ആത്മീയ ബന്ധം ക്രിസ്തുവിലൂടെ വീണ്ടെടുക്കുക എന്ന മഹനീയ സന്ദേശമാണ് ബൈബിളിന്റെ  ഇതിവൃത്തം.


ഏതു ഉദ്ദേശത്തോടെ ബൈബിള്‍ എഴുതപ്പെട്ടുവോ, അതേ ഉദ്ദേശത്തോടെ വായിക്കുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യെപ്പെട്ടില്ലെങ്കില്‍, കൌതുകകരവും രസകരവുമായ ഒരു പിടി കഥകളുടെ സമാഹാരമായി മാത്രം അത് അനുഭവപ്പെട്ടേക്കാം. വൈരുധ്യങ്ങള്‍ കണ്ടെത്തുവാനും പ്രയാസം വരികയില്ല. തെറ്റായ ഉദ്ദേശത്തോടെ ബൈബിള്‍ വായിക്കപ്പെടുന്നതു ഇക്കാലത്ത് സര്‍വ്വസാധാരണമാണ്. വേദപാഠക്ലാസുകളില്‍ മാര്‍ക്കു ലഭിക്കുവാന്‍, വേദികളില്‍ പ്രസംഗിക്കുവാന്‍, നല്ല നല്ല ഉദ്ധരണികൾ സമാഹരിക്കുവാന്‍,  വിമര്‍ശിക്കുവാന്‍, ബൈബിള്‍ സംബന്ധിയായ വാദപ്രതിവാദങ്ങളില്‍ ജയിക്കുവാന്‍  ഒക്കെ ബൈബിള്‍ വായിക്കുന്നവരുണ്ടാകും. തങ്ങൾക്കാവശ്യമായ ഭാഗികമായ വാക്യങ്ങൾ മാത്രം എടുത്ത് പ്രയോഗിച്ചുകൊണ്ട് വാദങ്ങൾ നടത്തുന്നവരും ഉണ്ടാകും.  ഇതൊന്നും ബൈബിള്‍ നൽകുന്ന സന്ദേശത്തിനു പിന്നിലെ പരമമായ ലക്ഷ്യം കണ്ടെത്തുവാനുള്ള ഉദ്ദേശത്തിലല്ലാത്തതിനാല്‍ ‍, ബൈബിളിന്റെ സാരാംശം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ അങ്ങനെവായിക്കുന്നവര്‍ക്ക് കഴിഞ്ഞെന്ന് വരുകയില്ല.
  

കേവലം ബൈബിള്‍ കഥകള്‍ക്കും, ചരിത്രത്തിനും അപ്പുറം ബൈബിളിന്റെ ഓരോ വചനങ്ങള്‍ക്കും പിന്നിലെ ദൈവിക പദ്ധതിയുടെ സത്യസന്ധമായ ഒരു അന്വേഷണം, അതാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സഹായകനായ ദൈവത്തെ നിസ്സഹായകനായ മനുഷ്യന്റെ മുന്‍പില്‍ പരിചയപ്പെടുത്തുവാന്‍ ഒരു ചെറിയ ശ്രമം മാത്രമാണിത്. വഴിതെറ്റിഅലയുന്ന  മനുഷ്യലോകത്തിനോട്  “ഞാന്‍തന്നേ വഴിയും സത്യവും ജീവനു“ മാണെന്നു പറയുന്ന ദൈവത്തെ കാണിച്ചുകൊടുക്കുവാന്‍ ഇനിയുള്ള പോസ്റ്റുകളിൽ സ്നേഹദൂതർ ശ്രമിക്കുന്നു. ഒപ്പം നിങ്ങളുടെ വായനയും അഭിപ്രായനിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

9 comments:

സ്നേഹദൂതര്‍ 10 March 2010 at 08:30  

തിന്മയുടെ പ്രതീകമായ സാത്താന്റെ ഇടപെടല്‍ മൂലം മനുഷ്യകുലത്തിന് ദൈവവുമായി വിച്ഛേദിക്കപ്പെട്ട ആത്മീയ ബന്ധം ക്രിസ്തുവിലൂടെ വീണ്ടെടുക്കുക എന്ന മഹനീയ സന്ദേശമാണ് ബൈബിളിന്റെ ഇതിവൃത്തം...

വായിക്കുക, തുടർന്നും വായിക്കുക.

ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റായി നൽകുമല്ലോ!

ബീമാപള്ളി / Beemapally 10 March 2010 at 14:35  

ബൈബിളിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് സ്വാഗതം...

യേശുവിന്റെ പ്രബോധനവും ഇന്നുള്ള അനുയായികളുടെ ജീവിത ആരാധന രീതികളും ബൈബിള്‍ ചൂണ്ടിക്കാട്ടലുകളും തമ്മില്‍ വിത്യാസമാണല്ലോ കാണുന്നത്...

ചില വിവരങ്ങള്‍ ഈ ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട് അറിയുമെങ്കില്‍ ആ വിവരങ്ങള്‍ക്ക് ( യേശുവിന്റെ പ്രാര്‍ത്ഥന ആരോട്..? )
വിശദീകരണം നല്‍കുമല്ലോ...

ആശംസകളോടെ.!

സോജൻ തോമസ് 10 March 2010 at 16:38  

നല്ല തുടക്കം

സ്നേഹദൂതര്‍ 10 March 2010 at 22:40  

ശ്രീ ബീമാപള്ളി,
ബൈബിളിനുള്ളിലുള്ള വിഷയങ്ങള്‍ മാത്രമാണ് ഈ ബ്ലോഗിലെ ചര്‍ച്ചാ വിഷയം. അതാതുപോസ്റ്റിലുള്ള വിഷയങ്ങളല്ലാതെ മറ്റു വിഷയങ്ങളിലേക്കു പോകുവാന്‍ തല്‍ക്കാലം നിര്‍വ്വാഹമില്ല.

എങ്കിലും സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി. കമെന്റുകള്‍ ഇടുമ്പോള്‍ ഇനി ലിങ്കുകള്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുമല്ലോ!

സോജന്‍ ,
നന്ദി.

സാജന്‍| SAJAN 11 March 2010 at 01:39  

ഉദ്ദേശം നല്ലത്!
ബൂലോഗത്തിൽ ഇന്നു ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റു ചില ബ്ലോഗുകൾ പോലെ ആകാതെ നോക്കൂ :)

സജി 11 March 2010 at 09:34  

അഭിനന്ദനങ്ങള്‍!
വെറും കഥ പറച്ചിലിനുമുപരി തിയോളജിയാണ് പറയേണ്ടുന്നത്. അങ്ങിനെയാവട്ടെ എന്ന് ആശംസിക്കുന്നു.
ബൈബിള്‍ പറയുന്ന്,”ഒരു കാര്യത്തിന്റെ ആരംഭത്തേക്കാള്‍ അതിന്റെഅവസാനം ഏറെ നല്ലത്” (First impression is the best impression എന്ന ലോക നിയമത്തിനെ നേര്‍ വിപരീതമാണ് ഇത്)അതുകൊണ്ട്, നന്നായി അരംഭിച്ചു, അതിലും നന്നായി അവസാനിപ്പിക്കുവാന്‍ കഴിയട്ടെ!

അതിലൊക്കെ ഉപരി, മറ്റു മതങ്ങളോടും, മതഗ്രന്ഥങ്ങളോടും മാന്യമായ അകലവും ബഹുമാനവും പുലര്‍ത്താന്‍ ശ്രമിച്ചാല്‍ നന്നായിരുന്നു.

saju john 11 March 2010 at 21:11  

ധനവാന്‍ സ്വര്‍ഗത്തില്‍ കടക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനെക്കാള്‍ പ്രയാസമാണെന്ന്ബൈബിളില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അപ്പോള്‍ ക്രിസ്തുമതത്തില്‍ ധനത്തിനും..ആ “സൂചിക്കുഴയ്ക്കും’ ഉള്ള ബന്ധമെന്താണ്.

saju john 11 March 2010 at 21:13  

നോക്കട്ടെ..എനിക്ക് നല്ല ഉത്തരങ്ങള്‍ ഇവിടെ നിന്നും കിട്ടുമോയെന്ന്.

സ്നേഹദൂതര്‍ 13 March 2010 at 00:02  

സാജന്‍, സജി, സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി. നിങ്ങള്‍ പറഞ്ഞകാര്യങ്ങള്‍ പരമാവധി പ്രാവര്‍ത്തികമാക്കുവാന്‍ തീര്‍ച്ചയായും ശ്രമിക്കാം.

Followers

ജാലകം

  © Blogger template 'Tranquility' by Ourblogtemplates.com 2008

Back to TOP