Tuesday 16 March 2010

ഏകദൈവവും ത്രിത്വവും

ക്രിസ്ത്യൻ തിയോളജിയുടെ അടിസ്ഥാന പ്രമാണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ത്രിത്വം (Trinity) എന്ന വിശ്വാസം. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്നു ഭാവങ്ങളിൽ അല്ലെങ്കിൽ ആളത്വങ്ങളിൽ പ്രതിബിംബിച്ചു കാണുന്ന ഏകദൈവത്തെയാണ് ബൈബിൾ പരിചയപ്പെടുത്തുന്നത്. ക്രിസ്തീയവിശ്വാസങ്ങളിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും, ഒരുപക്ഷേ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമായ പദവും ത്രിത്വം തന്നെ.

യേശുക്രിസ്തു ശിഷ്യന്മാർക്കു നൽകിയ The Great Commission എന്നു വിവക്ഷിക്കപ്പെടുന്ന കല്പനയിൽ ഇങ്ങനെ പറയുന്നു: മത്തായി 28:19

“ആകയാൽ നിങ്ങൾ പുറപ്പെട്ടു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു”.
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ ആളത്വങ്ങൾ ഒരേ നാമത്തിലുള്ള ഏകത്വം ആകുന്നു എന്നാണ് യേശു ഈ വാചകത്തിൽ സൂചിപ്പിക്കുന്നത്.

ത്രിത്വം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുമ്പായി ദൈവവും മനുഷ്യനുമായുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും.

(1) ദൈവം ഒരു  spiritual being ആണ് - എന്നുവച്ചാൽ  അദൃശ്യനായ, സർവ്വവ്യാപിയായ, മനസും, ചിന്തയും എല്ലാം ഉള്ള ഒരു അലൌകിക വ്യക്തിത്വമാണ് ദൈവം. ദൈവത്തിനെ വിശേഷിപ്പിക്കുന്ന വിശേഷണങ്ങളെല്ലാം infinite ആണ്‌.  അതിനാൽ മനുഷ്യർക്ക് പൂർണ്ണമായും വിവേചിച്ച് അറിയുവാനോ മനസ്സിലാക്കുവാനോ സാധിക്കുന്ന ഒന്നല്ല.

(2) ദൈവത്തിന് ഒരു രൂപവും വ്യക്തിത്വവും ഉണ്ടെങ്കിലും ദൈവം മനുഷ്യരൂപത്തിലുള്ളതോ, മനുഷ്യന്റെ വ്യക്തിത്വവുമായി സാമ്യമുള്ളതോ ആയ ഒരു ആൾ‌രൂപമല്ല. പെയിന്റിംഗുകളിൽ കാണുന്നതുപോലെ നരച്ച താടിയും മുടിയുമുള്ള വൃദ്ധനായ ഒരു മനുഷ്യരൂപിയല്ല ദൈവം.

(3) മനുഷ്യരുടെ നിർവ്വചനങ്ങൾക്കും സങ്കൽ‌പ്പങ്ങൾക്കും (concept) അതീതനാണ് ദൈവം.

ഈ മൂന്നുകാര്യങ്ങൾ മനസ്സിലാക്കിയിരുന്നാൽ ത്രിത്വം എന്നത് മനസ്സിലാക്കാനുള്ള നമ്മുടെ പരിമിതികൾ സ്വയം ബോദ്ധ്യപ്പെടാവുന്നതേയുള്ളൂ.

Trinity എന്ന ഇംഗ്ലീഷ് പദം Tri + Unity എന്നീ വാക്കുകള്‍ ചേര്‍ന്നുണ്ടായതാണ്. സാരാംശത്തില്‍ ഒന്നായിരിക്കുന്നതും അതേ സമയം മൂന്നു വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ചേരുന്നതുമാ‍യ ഒന്നാണ് ത്രിത്വം. ഇവിടെ “വ്യക്തിത്വം” എന്ന വാക്കിന് കൊടുക്കുന്ന നിർവ്വചനം “വ്യക്തി” എന്ന വാക്കുമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വ്യക്തി എന്നാൽ “individual, self-actualized center of free will and conscious activity“ എന്നാണ് ഇംഗ്ലീഷ് നിഘണ്ടുവിലെ നിർവ്വചനം. സ്വന്തന്ത്രചിന്ത, ബോധപൂർവ്വമായ പ്രവർത്തനങ്ങൾ എന്നിവയോടുകൂടിയ ഒരു സ്വയംകേന്ദ്രീകൃതനായ മനുഷ്യനാണ് വ്യക്തി. എന്നാൽ വ്യക്തിത്വം എന്നത് അവന്റെ സ്വഭാവവിശേഷമാണ്. ഇതുപോലെ മൂന്നുവ്യത്യസ്തങ്ങളായ ദൈവീകഭാവങ്ങൾ ചേർന്ന ഒരു മഹാശക്തിയാണ് ദൈവം എന്നാണ് ത്രിത്വത്തിന്റെ സാരാംശം.


കടപ്പാട് : വിക്കിപീഡിയ

ത്രിത്വത്തെ വിശദീകരിക്കുവാൻ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന ഒരു രീതിയാണ് മുകളിൽ നൽകിയിരിക്കുന്നത്.  ഒരു സമഭുജ ത്രികോണത്തിന്റെ മൂന്നു കോണുകള്‍ പോലെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു ഭാവങ്ങൾ അതിൽ ഒത്തുചേർന്നിരിക്കുന്നു. സാരാംശത്തിൽ ഒരാള്‍ മറ്റൊരാളെക്കാള്‍ താഴെയോ മുകളിലോ സമമോ അല്ല, അതിൽ ഒരുഭാവം മറ്റൊരുഭാവത്തെ പ്രതിനിധീകരിക്കുന്നുമില്ല. ഒരേ ദൈവികഭാവത്തിന്റെ മൂന്നു വ്യത്യസ്ത ആളത്വങ്ങള്‍ മാത്രമാണ് ത്രിത്വത്തിലെ മൂന്ന് അംഗങ്ങളും. അതിൽ ഒരു ഭാവത്തെ മാറ്റി നിർത്തിക്കൊണ്ട് മറ്റൊരുഭാവത്തിന് സ്വന്തത്രമായ ഒരു നിലനിൽ‌പ്പില്ല. കാരണം അവര്‍ മൂന്നു ദൈവങ്ങളോ മൂന്നു വ്യക്തികളോ അല്ല. മറിച്ച് അവര്‍ മൂന്നും ഒരേ രസത്തിന്റെ, ഭാവത്തിന്റെ harmony അല്ലെങ്കിൽ സമ്മേളനമാകുന്നു.

ദൈവം ഏകനാണ്. പ്രപഞ്ചത്തിനും മനുഷ്യർക്ക് ഗോചരവും അഗോചരവുമായ സകലത്തിനും മുമ്പേതന്നെ ഉണ്ടായിരുന്ന മഹാശക്തിയാണ് ദൈവം. പിന്നെ ഈ ദൈവത്തിന് ഒരു പുത്രൻ എന്ന സങ്കൽ‌പ്പം സാമാന്യയുക്തിക്ക് നിരക്കുന്നതാണോ! ഇതെങ്ങനെ സാധ്യമാവും? ത്രിത്വത്തിലെ ദൈവം എന്നതും ആത്മാവ് എന്നതും മനസ്സിലാക്കാൻ പലർക്കും പ്രയാസമില്ലെങ്കിലും “പുത്രൻ” എന്ന വാക്കിനെ അതിലേക്ക് ചേർത്തുവയ്ക്കുവാനാണ് പലരും ബുദ്ധിമുട്ടുന്നത്. അതിനുകാരണം പുത്രൻ എന്നവാക്കിന് ‘സന്താനം’ (offspring) എന്ന അർത്ഥം നൽകുന്നതിനാലാണ്. ദൈവത്തിന് ഒരു “ഭാര്യയിൽനിന്ന്“ ജനിച്ച “മകനല്ല“ ത്രിത്വത്തിലെ പുത്രൻ. എപ്പിസ്കോപ്പൽ സഭകളുടെ നിഖ്യാവിശ്വാസപ്രമാണത്തിൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ദൈവത്തിന്റെ ഏകപുത്രനും, സർവ്വലോകങ്ങൾക്കും മുമ്പേ പിതാവിൽ നിന്ന് ജനിച്ചവനും, പ്രകാശത്തിൽ നിന്നുള്ള പ്രകാശവും സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും, ജനിച്ചനും സൃഷ്ടിയല്ലാത്തവനും, സാരാംശത്തിൽ പിതാവിനോട് സമത്വമുള്ളവനും, സകലവും താൻ‌മുഖാന്തിരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നവനും ...” ആണ് ഈ പുത്രൻ. പ്രപഞ്ചോപ്തത്തിക്കും മുമ്പ്തന്നെ പിതാവാം ദൈവത്തിൽ നിന്ന് ജനിച്ചവനാണ് പുത്രൻ, എന്നാൽ  സൃഷ്ടിയല്ല. സകല സൃഷ്ടിയ്ക്കും കാരണഭൂതൻ ഈ  പുത്രനാണ്. പ്രകാശത്തിൽ നിന്ന് ജനിച്ച പ്രകാശമാണ് പുത്രൻ. അതുകൊണ്ടുതന്നെ സത്യദൈവത്തിൽനിന്ന് ഉളവായ സത്യദൈവം തന്നെയാണവൻ.

കാലാന്തരത്തിൽ ചരിത്രത്തിന്റെ ഒരു പ്രത്യേക സന്ദർഭത്തിൽ ഈ പുത്രനായ ദൈവം, തന്റെ ദൈവീകഭാവത്തിനോടോപ്പം ഒരു മനുഷ്യഭാവം കൂട്ടിച്ചേർക്കുന്നു. ദൈവത്തിന്റെ മഹത്തായ മാനുഷ്യരക്ഷാകര പദ്ധതിക്ക് ഏറ്റവും അനിവാര്യമായിരുന്ന ഒരു തീരുമാനമായിരുന്നു അത്.
പുത്രനായ ദൈവം തന്റെ ദൈവത്വത്തിന്റെ ഭാവങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കാതെ, തന്നത്താൻ താഴ്ത്തി ജഡരൂപം ധരിച്ച് ഒരു മനുഷ്യനായി ഭൂമിയിൽ അവതരിക്കാൻ തീരുമാനിച്ചു - മറിയയുടെ പുത്രനായി പുൽക്കൂട്ടിൽ ജാതനായ യേശുക്രിസ്തു എന്ന രക്ഷകൻ. പൂർണ്ണമായ അർത്ഥത്തിൽ തന്നെ മനുഷ്യരൂപത്തിൽ, മനുഷ്യഭാവത്തിൽ യേശു ഈ ഭൂമിയിൽ ജീവിച്ചു, മനുഷ്യകുലത്തിന്റെ പാപങ്ങളെ സ്വയം ഏറ്റെടുത്ത് ക്രൂശിൽ സ്വമനസ്സാൽ തന്നെ ബലിയായി തീർന്നു, മനുഷ്യർക്ക് ഒരു പുതിയ പ്രത്യാശനൽകുമാറ് മരണത്തെ അതിജീവിച്ച് ഉയർത്തെഴുന്നേറ്റ് തേജസ്കരിക്കപ്പെട്ടവനായി ലോകാരംഭത്തിനുമുമ്പുതന്നെ തനിക്കു സ്വന്തമായിരുന്ന പിതാവിന്റെ സ്വന്തമഹത്വത്തിലേക്ക് തന്നെ ചേർക്കപ്പെട്ടു. താൻ ഈ ലോകത്തിലായിരിക്കുമ്പോൾ ചെയ്തപ്രവർത്തനങ്ങളെ മുടക്കം കൂടാതെ മുമ്പോട്ട് കൊണ്ടുപോകുവാനായി താനുൾപ്പെടുന്ന ത്രിത്വത്തിന്റെതന്നെ അംശമായ പരിശുദ്ധാത്മാവിനെ ഈ ലോകത്തിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതാണ് ത്രിത്വം എന്ന യാഥാർത്ഥ്യം.

ഇത്രയും കാര്യങ്ങൾ സ്വാംശീകരിച്ചു പറഞ്ഞാൽ, സർവ്വശക്തനും ജഗന്നിയന്താതാവുമായ ദൈവത്തിന്റെ സ്നേഹം യേശുക്രിസ്തു എന്ന പൂർണ്ണദൈവവും അതേസമയം സമ്പൂർണ്ണ മനുഷ്യനുമായ ആളത്വത്തിൽക്കൂടി മനുഷ്യരൂപത്തിൽ ഗോചരമാക്കി (manifest) പരിശുദ്ധാത്മശക്തിയാൽ മനുഷ്യർക്ക് അനുഭവേദ്യമാക്കിത്തീർക്കുന്ന ദിവ്യാനുഭവമാണ് ത്രിത്വം.

ത്രിത്വസങ്കല്പത്തെ നൂറുശതമാനം അതേ അർത്ഥത്തിൽ വിശദമാക്കാൻപോന്ന ഉദാഹരണങ്ങളൊന്നും പ്രപഞ്ചത്തിലോ ഭൂമിയിലോ ഇല്ല. കാരണം ത്രിത്വം എന്നത് അതിൽമാത്രം കാണാവുന്ന പൂർണ്ണതയാണ്. ത്രിത്വം എന്ന വാക്ക് ബൈബിളിന്റെ പഴയനിയമ-പുതിയനിയമ പുസ്തകങ്ങളിൽ ഒന്നിലും ഉപയോഗിച്ചിട്ടില്ലെങ്കിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്നുഭാവങ്ങളേയും അവർതമ്മിലുള്ള harmonic communion നേയും വ്യക്തമാക്കുന്ന അനവധി പരാമർശങ്ങൾ ബൈബിളിൽ ഉണ്ട്. ഈ പരാമർശങ്ങളിലേക്കും അവയിലേക്കുള്ള റെഫറൻസുകൾക്കുമായി അടുത്ത മൂന്നു പോസ്റ്റുകൾ മാറ്റിവയ്ക്കുന്നു.

Followers

ജാലകം

  © Blogger template 'Tranquility' by Ourblogtemplates.com 2008

Back to TOP